P G Kamath Commemoration Lecture delivered on October 5th, 2022 at BTH, Ernakulam.
“പി. ജി. കമ്മത്ത് അനുസ്മരണം”
- ശരത്ചന്ദ്ര ഷേണായ്
‘പി. ജി. കമ്മത്ത് അനുസ്മരണ പ്രസംഗം’ നടത്തണമെന്ന് പി. ജി. കമ്മത്ത് ഫൌണ്ടേഷൻ ട്രസ്റ്റി ശ്രീ ആനന്ദ് കമ്മത്ത് അറിയിച്ചതിനെ തുടർന്ന് കമ്മത്ത് സാറിനെക്കുറിച്ചുള്ള ധാരാളം ഓർമ്മകൾ മനസ്സിൽ നിറഞ്ഞു. അതിൽനിന്ന് കാതലായവ ചിലതു തിരഞ്ഞെടുത്ത്, കാലിക ക്രമത്തിൽ ഇവിടെ അവതരിപ്പിക്കുകയാണ്.
ആദ്യം പറയാനുള്ളത് പതിറ്റാണ്ടുകൾക്കു മുമ്പു നടന്ന ഒരു സംഭവത്തിൻറെ സാക്ഷ്യമാണ്. ഒരു നേരനുഭവത്തിൻറെ ഓർമ്മ. 1985 നവമ്പറിൽ ഞങ്ങൾ, ഒരു ബസ്സു നിറയെ ആൾക്കാർ, കേരള കൊങ്കണി അക്കാദമിയുടെ ആഭിമുഖ്യത്തിൽ ഗോവയിലേക്ക് ഒരു ഭാഷാ-സാംസ്കൃതിക യാത്ര നടത്തി. അക്കാദമിയുടെ അധ്യക്ഷൻ കമ്മത്ത് സാറായിരുന്നു. ഒരാഴ്ച നീണ്ട ആ ഗോവാ സന്ദർശനത്തിൽ പല സ്ഥലങ്ങളിലുമായി പല കാര്യപരിപാടികളിലും ഞങ്ങൾ പങ്കെടുത്തു. അവയിൽ നിന്നെല്ലാം വ്യത്യസ്തമായത് ‘ഭാരത്കാർ ഹെഗഡോ ദേശായ്’ ജന്മശതാബ്ദിയാഘോഷത്തിൻറെ ഭാഗമായി ‘കെപ്പെം’ എന്ന സ്ഥലത്തുവെച്ച് നടന്ന കവി സമ്മേളനമാണ്. അതിൽ അദ്ധ്യക്ഷത വഹിച്ച കമ്മത്ത് സാർ ‘ഒളഖ്’ എന്ന സ്വന്തം കവിത അവതരിപ്പിച്ചു. ആ കവിത ഗോവയിലെ ആനുകാലികങ്ങളിൽ മുമ്പുതന്നെ പ്രസിദ്ധീകരിച്ച ഒന്നായിരുന്നു. ആ കവിതയ്ക്ക് ആശ്ചര്യകരമായ സ്വീകാര്യതയാണ് ലഭിച്ചത്. ഗോവയിലെ മുൻനിര യുവകവിയായ പുണ്ടലിക് നായക് അടുത്തുവന്ന് കമ്മത്ത് സാറിനെ ആവേശപൂർവ്വം കെട്ടിപ്പിടിച്ചു. ഞങ്ങളുടെ ഗോവാ യാത്രയുടെ ആത്മാവു കണ്ടെത്തിയ സംഭവവും സന്ദർഭവുമായിരുന്നു അത്. അതാകട്ടെ കമ്മത്ത് സാറിൻറെ കൊങ്കണി കവിതയിലൂടെയും!
തൊട്ടടുത്ത വർഷം – 1986 മേയിൽ കമ്മത്ത് സാറിൻറെ ‘ലിപി ഏക് ശാസ്ത്രീയ ചിന്തൻ’ എന്ന പുസ്തകം പ്രസിദ്ധീകരിച്ചു. കേരള കൊങ്കണി അക്കാദമിയുടെ ‘ദിവ്ട്ടി’ എന്ന മാസികയിൽ ഖണ്ഡശ: പ്രസിദ്ധീകരിച്ച അദ്ദേഹത്തിൻറെ ലേഖനപരമ്പരയുടെ പുസ്തകരൂപം. വിമർശാത്മകം, സത്യാന്വേഷകം, എന്നെല്ലാം വിശേഷിപ്പിക്കാവുന്ന പ്രസ്തുത കൃതിയുടെ ആദ്യ താളിൽ ഒരു അഭ്യർത്ഥനയുണ്ട് – ‘ലിപി സംബന്ധമായ ഈ ശാസ്ത്രീയ വിചിന്തനത്തിൽ എവിടെയെങ്കിലും പക്ഷപാതം വന്നിട്ടുണ്ടെങ്കിൽ നിങ്ങൾ എന്നോടു ക്ഷമിക്കരുത്!’ എന്താണ് ഇതിൻറെ പൊരുൾ? തൻറെ കൃതി തികച്ചും നിഷ്പക്ഷപരവും, ശാസ്ത്രീയമായ കാഴ്ചപ്പാടു മാത്രമുള്ള ഒന്നാണെന്നും ലേഖകൻ സാക്ഷ്യപ്പെടുത്തുകയാണ്. പ്രസ്തുത കൃതി കൊങ്കണി ഭാഷയ്ക്കു ലഭിച്ച ഒരു അമൂല്യ നിധിയാണ്.
ഇത്തരം കാര്യങ്ങളിൽ ‘എൻറെ തെറ്റുകൾ ക്ഷമിക്കരുത്’ എന്ന് പറയുന്നതുപോലെ മറ്റുള്ളവരുടെ തെറ്റുകൾ അദ്ദേഹവും ക്ഷമിക്കുമായിരുന്നില്ല. ഒരിക്കൽ ഡോക്ടർ സുകുമാർ അഴീക്കോടിൻറെ പ്രസ്താവ്യങ്ങളിലെ ചില പോരായ്മകൾ കമ്മത്ത് സാർ കാര്യകാരണസഹിതം ചൂണ്ടിക്കാട്ടിയതായി കേട്ടറിവുണ്ട്.
ഒരു ദശാബ്ദത്തിനിപ്പുറം 1996 ആഗസ്റ്റിൽ അദ്ദേഹത്തിൻറെ ‘ശ്രവോൺ’ എന്ന കൄതി പ്രകാശിതമായി. കേരളത്തിലെ ഒരു കൊങ്കണി നാടോടി അനുഷ്ഠാന ഗീതകമാണ് ‘ശ്രവോൺ’. ഇംഗ്ലീഷിൽ വാഗർത്ഥവും വ്യാഖ്യാനവുമാണ് കമ്മത്ത് സാർ വക. ഈ പുസ്തകം മറ്റൊരു അമൂല്യ നിധിയാണ്. ഒരു കൊങ്കണി പഴമൊഴികൃതി ഇപ്രകാരം വ്യാഖ്യാനിതമാകുന്നത് കേരളത്തിൽ ആദ്യമായിട്ടായിരുന്നു. വാഗർത്ഥം, വ്യാഖ്യാനം, എന്നിവയ്ക്കു പുറമേ പദാവലി, വാക്യഘടന, ശബ്ദശാസ്ത്രം, രൂപശാസ്ത്രം, പഴമൊഴി സ്വഭാവം, എന്നതെല്ലാം പുസ്തകത്തിൽ ചർച്ച ചെയ്യപ്പെടുന്നു. ഗോവയിലെ മുൻനിര FOLKLORIST ആയ ഡോക്ടർ ജയന്തി നായക് ഈ പുസ്തകം വളരെ അധികം ഇഷ്ടപ്പെടുകയും ഇതിനെക്കുറിച്ചുള്ള ഒരു സുദീർഘ ആസ്വാദനം ‘സുനാപരാന്ത്’ എന്ന ഗോവയിലെ കൊങ്കണി ദിനപ്പത്രത്തിൽ പ്രസിദ്ധീകരിക്കുകയും ചെയ്തു.
രണ്ടായിരാമാണ്ടിൽ (2000) കേന്ദ്ര സാഹിത്യ അക്കാദമിയുടെയും ഗോവാ കൊങ്കണി അക്കദമിയുടെയും സംയുക്താഭിമുഖ്യത്തിൽ കമ്മത്ത് സാറിൻറെ ബഹുമാനാർത്ഥം ഗോവയിലെ പണജിയിൽ വെച്ച് MEET THE AUTHOR എന്ന പ്രത്യേക അഭിമുഖ പരിപാടി നടത്തുവാൻ തീരുമാനിച്ചു. അതിലേക്കായി അദ്ദേഹത്തിൻറെ ഒരു PROFILE തയ്യാറാക്കുവാൻ സാഹിത്യ അക്കാദമിയുടെ മുംബൈ റീജിയണൽ സെക്രട്ടറി ശ്രീ പ്രകാശ് ഭാതമ്പ്രേക്കർ എന്നോട് ആവശ്യപ്പെട്ടു. ഞാൻ എല്ലാ വിവരങ്ങളും കമ്മത്ത് സാറിൽ നിന്നു നേരിട്ട് തന്നെ സംഘടിപ്പിച്ച് പ്രസ്തുത PROFILE തയ്യാറാക്കി. അതു വായിച്ച് തൃപ്തിയായെങ്കിലും അതിൽ രണ്ടു വാചകങ്ങൾ കൂടി കമ്മത്ത് സാർ സ്വയം എഴുതിച്ചേർത്തു. ആത്മാംശം അടങ്ങിയ ആ രണ്ടു വാചകങ്ങൾ ഇന്നും എൻറെ മനസ്സിൽ തിളങ്ങിനിൽക്കുന്നുണ്ട്. ആദ്യത്തെ വാചകം അദ്ദേഹത്തിൻറെ മാതാപിതാക്കളെക്കുറിച്ചുള്ളതായിരുന്നു. ‘തങ്ങളുടെ മകനിൽ ഉറച്ച വിശ്വാസമുണ്ടായിരുന്ന അവർ ഏറെ ബുദ്ധിമുട്ടുകളും ത്യാഗങ്ങളും സഹിച്ചുകൊണ്ട് മകന് സർവ്വകലാശാലാ വിദ്യാഭ്യാസം നൽകുവാൻ തയ്യാറായി’ എന്നായിരുന്നു ആ വാചകം. (His parents had great faith in him and they gave him University education facing much difficulty and making many sacrifices.) കമ്മത്ത് സാർ മാതാപിതാക്കളുടെ ത്യാഗം എല്ലാ അർത്ഥത്തിലും സഫലമാക്കിയെന്നു മാത്രമല്ല, ജീവിതകാലം മുഴുവൻ ആ ത്യാഗം ഓർത്തുവെക്കുക കൂടി ചെയ്തു. അതിനും പുറമെ, അക്കാര്യം തൻറെ ജീവിതസന്ധ്യയിൽ എഴുതപ്പെടുന്ന പ്രൊഫൈലിലും പരാമർശിക്കപ്പെടണമെന്ന് അദ്ദേഹം ആഗ്രഹിച്ചു. തുറവൂരിലെ ശ്രീ പത്മനാഭ കമ്മത്തും ശ്രീമതി പുത്തമമ്മാളുമായിരുന്നു ധന്യരായ ആ മാതാപിതാക്കൾ. ചിത്രങ്ങളടക്കമുള്ള പ്രസ്തുത പ്രൊഫൈൽ കേന്ദ്ര സാഹിത്യ അക്കദമിയുടെ വെബ്സൈറ്റിൽ ഇപ്പോഴുമുണ്ട്.
ആ പ്രൊഫൈലിൽ കമ്മത്ത് സാർ എഴുതിച്ചേർത്ത രണ്ടാമത്തെ വാചകം, സ്വയം വിലയിരുത്തുന്ന ഒന്നായിരുന്നു. നടന്നുതെളിഞ്ഞ വഴികളിലൂടെ നടന്നു നീങ്ങാൻ താനൊരിക്കലും ഇഷ്ടപ്പെടുന്നില്ലെന്നും, തനിക്കു സ്വന്തമായ വഴിയിലൂടെ മുന്നേറാനാണ് താല്പര്യമെന്നുമായിരുന്നു ആ വാചകം. (He never likes to tread the beaten path, but takes a line of his own.) അത് മേനിപറച്ചിലായിരുന്നില്ല. അക്ഷരം പ്രതി സത്യമായ ഒരു പ്രസ്താവനയായിരുന്നു. ഇക്കാര്യം പിന്നീടുള്ള വർഷങ്ങളിൽ കമ്മത്ത് സാറിനെ അറിയുന്ന പലരും സമാനമായ വേദികളിൽ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട്. അദ്ധ്യാപനരംഗത്തും, വിദ്യാഭ്യാസനയരൂപീകരണത്തിലും, സ്വായത്തമാക്കിയ പ്രാചീന ഭാഷകളുടെ കാര്യത്തിലും, പരിഭാഷകനെന്ന നിലയിലും, സർഗ്ഗധനനായ കവിയായുമെല്ലാം, പ്രവർത്തിച്ച ഓരോ മേഖലയിലും, കമ്മത്ത് സാർ നൽകിയ സംഭാവനകൾ പുതുമ കൊണ്ടും മികവു കൊണ്ടും വേറിട്ടു നിൽക്കുന്നവയായിരുന്നു.
2001 ൽ കമ്മത്ത് സാറിൻറെയും എൻറെയും സംയുക്തസൃഷ്ടിയായി ‘കൊങ്കണി ബറയ്തനാ’ എന്ന കൊങ്കണി സഹായക ഗ്രന്ഥം ഇറങ്ങി. ഒരു പുസ്തകത്തിൻറെ സംയുക്ത കർത്തൃത്വം എത്ര ആസ്വാദ്യകരമാകാം എന്ന് എനിക്കു മനസ്സിലായ സന്ദർഭമായിരുന്നു അത്. ഞാനെഴുതിയതിൽ എൻറെ സമ്മതപ്രകാരം മാത്രം തിരുത്തൽ വരുത്തിയും, അദ്ദേഹം എഴുതിയതിൽ ചിലതു തിരുത്തുവാൻ സന്തോഷപൂർവ്വം സമ്മതിച്ചുമായിരുന്നു പുസ്തകം തയ്യാറായത്. ഇതിനു വിപരീതമായി മുൻപൊരിക്കൽ മറ്റൊരു സംയുക്തകൃതിയിൽ ഞാൻ പരിഭാഷപ്പെടുത്തിയ ശ്ലോകങ്ങൾ ആ സംയുക്തലേഖകൻ പാടെ തിരുത്തിയത് എൻറെ ഓർമ്മയിൽ വന്നു. ആ പുസ്തകം വായിച്ചുകഴിഞ്ഞ് കമ്മത്ത് സാർ പറഞ്ഞതും ഓർമ്മയിൽ വന്നു – ‘ഈ ശ്ലോകങ്ങളിലൊന്നും നിങ്ങളുടെ ആത്മാവ് കാണുന്നില്ലല്ലോ!’ അതു കേട്ട് എനിക്ക് വളരെ ആശ്ചര്യം തോന്നുകയുണ്ടായി. കാരണം മെൽപ്പറഞ്ഞ മൊത്തതിരുത്ത് അദ്ദേഹം അറിയുവാൻ മാർഗ്ഗമുണ്ടായിരുന്നില്ല. അപ്രകാരം എൻറെ രചനകളിൽ കൂടി, എൻറെ കവിതകളിൽ കൂടി, എൻറെ ആത്മാവിനെ ദർശ്ശിച്ച വേറൊരു വ്യക്തിയും എൻറെ അറിവിൽ ഇല്ല. ഇക്കാര്യം മറക്കുവാൻ സാധ്യമല്ല തന്നെ.
2003 ആഗസ്റ്റിൽ കമ്മത്ത് സാറിൻറെ ‘പൊവ്ളിം’ എന്ന പ്രഥമ കവിതാസമാഹാരം എറണാകുളത്തു വെച്ച് പ്രകാശനം ചെയ്യപ്പെട്ടു. അന്ന് അദ്ദേഹത്തിൻറെ കവിതകളെ സദസ്സിനു പരിചയപ്പെടുത്തുവാനുള്ള അസുലഭ അവസരം ലഭിച്ചത് ഒരു ഭാഗ്യമായി കരുതുന്നു. എത്രയോ കാലമായി കേവലം ഗൃഹാന്തരീക്ഷത്തിലും സമാജാന്തരീക്ഷത്തിലുമായി ഒതുങ്ങിക്കൂടിയ കേരളത്തിലെ കൊങ്കണി കവിതയ്ക്ക് എൺപതുകളിൽ (Eighties) പുറം ലോകത്തിൻറെ വിശാലത കാണിച്ചുകൊടുത്ത കവികളിൽ പ്രഥമസ്ഥാനീയനാണ് കമ്മത്ത് സാർ എന്നു പറയുവാൻ എനിക്ക് അശേഷം മടിയില്ല. എന്നാൽ അദ്ദേഹത്തിൻറെ തന്നെ ജീവിതപശ്ചാത്തലമെടുത്താൽ അമ്പതാം വയസ്സു വരെ താനൊരു കവിയാകും എന്ന് അദ്ദേഹം പോലും കരുതിയിരുന്നോ എന്നു സംശയമുണ്ട്.
2012 ൽ പി. ജി. കമ്മത്ത് ഫൌണ്ടേഷൻറെ ‘ദീപാങ്കുർ’ എന്ന വാർഷിക സാഹിത്യഡൈജസ്റ്റിൻറെ ആദ്യലക്കം എഡിറ്റു ചെയ്യുവാനുള്ള ഭാഗ്യം സിദ്ധിച്ചു. അത് പി. ജി. കമ്മത്ത് എന്ന ബഹുമുഖ വ്യക്തിത്വത്തിനു തന്നെ സമർപ്പിക്കുകയായിരുന്നു. അതിൽ കമ്മത്ത് സാറിനെ കുറിച്ചുള്ള ഏറെ കാര്യങ്ങൾ ഉൾക്കൊള്ളിച്ചിട്ടുണ്ടെങ്കിലും മിക്കവാറും എല്ലാം തന്നെ കൊങ്കണിയിലാണ്.
അതുകൊണ്ട് 2015 ൽ കമ്മത്ത് സാറിൻറെ ഒരു പ്രധാന കൃതിയായ ‘ലിപി ഏക് ശാസ്ത്രീയ ചിന്തൻ’ ഇംഗ്ലീഷിലേക്കു പരിഭാഷപ്പെടുത്തുവാൻ ആവശ്യപ്പെട്ടപ്പോൾ എനിക്ക് അതിയായ സന്തോഷം തോന്നി. ‘പി. ജി. കമ്മത്ത് ഫൌണ്ടേഷൻ’ ആണ് അക്കാര്യത്തിൽ മുൻകൈ എടുത്തതെങ്കിലും, മംഗലാപുരത്തെ വിശ്വ കൊങ്കണി കേന്ദ്രമാണു പുസ്തകം പ്രസിദ്ധീകരിച്ചത്.
അതിനു ശേഷം ഈയിടെ, ഏതാനും മാസങ്ങൾക്കു മുമ്പാണ് കമ്മത്ത് സാറിൻറെ ഒരു രേഖാചിത്രം ഇംഗ്ലീഷിൽ വേണമെന്ന് വിശ്വ കൊങ്കണി കേന്ദ്രത്തിനു വേണ്ടി ആവശ്യപ്പെട്ടത്. അവരുടെ ‘ഹാൾ ഓഫ് ഫെയിമിൽ’ ഇതിനകം തന്നെ കമ്മത്ത് സാറിൻറെ ഛായാചിത്രം പ്രദർശിപ്പിച്ചിരുന്നു. ഇപ്പോൾ ആ ഹാളിലുള്ള മുഴുവൻ പേരുടെയും ചിത്രങ്ങളും ഒപ്പം രേഖാചിത്രങ്ങളും ഉൾപ്പെടുത്തി ഒരു COFFEE TABLE BOOK തയ്യാറാകുമെന്നു പ്രതീക്ഷിക്കാം.
അതു കഴിഞ്ഞ് ഇന്നിതാ ‘പി. ജി. കമ്മത്ത് അനുസ്മരണ പ്രസംഗം’ നടത്തുവാനും ക്ഷണിക്കപ്പെട്ടു. കമ്മത്ത് സാറിൻറെ അനുസ്മരണം എന്നെന്നും സന്തോഷപ്രദം തന്നെ. എൻറെ ഓർമ്മകൾ ഈ വേദിയിൽ അവതരിപ്പിക്കുവാൻ സാധിച്ചതിൽ അതിലേറെ സന്തോഷം. ഇതിനായി ക്ഷണിച്ചതിനു ശ്രീ ആനന്ദ് കമ്മത്തിനും, പി. ജി. കമ്മത്ത് ഫൌണ്ടേഷൻറെ മറ്റു ട്രസ്റ്റികൾക്കും നന്ദി. കമ്മത്ത് സാറിൻറെ സ്മരണയ്ക്കു മുമ്പിൽ നമിച്ചുകൊണ്ട് എൻറെ വാക്കുകൾ ഉപസംഹരിക്കുന്നു.
Leave a Reply